Mother Theresa Homeopathy Specialty Clinic and Laboratory

ജലം – ചൂടിന് പ്രതിവിധി | Article by Dr. Anju Felix

ജലം – ചൂടിന് പ്രതിവിധി

ജീവൻ നിലനിർത്താൻ ജലം ഒരു അഭിവാജ്യ ഘടകം തന്നെയാണ്. ഭൂമിയുടെ മുക്കാൽ ഭാഗത്തോളം ജലം നിറഞ്ഞു നിൽക്കുന്നു. മനുഷ്യ ശരീരത്തിലും അതുപോലെ തന്നെ മൂന്നിൽ രണ്ടു ഭാഗവും ജലാംശമാണ്. ജലത്തിന്റെ ഈ അനുപാതം നമ്മുടെ ശരീരത്തിൽ നിലനിറുത്തിയാൽ മാത്രമേ എല്ലാ ചയാപചയ പ്രവർത്തനങ്ങളും സുഗമമായ് നടക്കുകയുള്ളൂ. ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിലുള്ള ജാലാംശം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. 

ജലം എന്ന അത്ഭുത വസ്തു

 ഹൈഡ്രജൻ (ജലവായു) എന്ന വാതകത്തിന്റെ രണ്ട് തന്മാത്രയും പ്രാണവായുവായ ഓക്സിജന്റെ ഒരു തന്മാത്രയും സംയോജിക്കുമ്പോൾ ജലം എന്ന അത്ഭുത പാനീയം നമുക്ക് ലഭിക്കുന്നു. മനുഷ്യജീവൻ നിലനിർത്താൻ ആവശ്യമായ സോഡിയം, പോട്ടാഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതര പോഷകങ്ങളും ജലത്തിൽ ലയിച്ച് ചേരുന്നത് കൊണ്ട് ‘യൂണിവേഴ്സൽ സോൾവന്റ്’ (Universal Solvent) – സർവ്വലായകം – എന്ന  വിശേഷണം ജലത്തിനു നൽകപ്പെടുന്നു.  

ശരീരത്തിന്റെ താപനില നിയന്ത്രണം

മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഒരു നിശ്ചിത തോതിൽ ശരീരത്തിന്റെ താപനില നിയന്ത്രിച്ച് നിറുത്തേണ്ടത് ആവശ്യമാണ്. സെന്റിഗ്രേഡിൽ (Centigrade) ഇത് 37 ഡിഗ്രിയും ഫാരൻഹീറ്റിൽ (Fahrenheit) ഇത് 98.6 ഡിഗ്രിയുമാണ്. അന്തരീക്ഷ  താപനിലയിൽ വരുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാതെ മാറ്റമില്ലാതെ തന്നെ നമ്മുടെ ശരീരത്തിന്റെ താപനില ക്രമീകരിക്കേണ്ടതാണ്. അതുകൊണ്ടു തന്നെയാണ് തണുപ്പുള്ള കാലാവസ്ഥയിൽ ഹീറ്ററും, ശരീരത്തിന്റെ ഉഷ്മാവ് നഷ്ടമാകാതെയുമുള്ള വസ്ത്രങ്ങളും നാം ഉപയോഗിക്കേണ്ടി വരുന്നത്. വേനൽക്കാലത്ത് ശീതികരിച്ച വണ്ടികളിലും മുറികളിലും ആയിരിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്.

താപനില നിയന്ത്രണവും ജലവും

ചുടുകൂടിയാൽ അതിനൊപ്പം തന്നെ ശരീരത്തിൽ വിയർപ്പു അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?  ഉപ്പുരസവും പുളിരസവും ഉള്ള വിയർപ്പിൽ 99 ശതമാനവും ജലമാണ്. സോഡിയം, പൊട്ടാസ്യം പോലുളള ലവണങ്ങൾ ഉപ്പുരസത്തിനും, ലാക്റ്റിക് ആസിഡ് പുളിരസത്തിനും കാരണമാകുന്നു. വിയർപ്പുഗ്രന്ഥിയിലൂടെ പുറത്തുവരുന്ന ജലം ബാഷ്പീകരണത്തിലൂടെ നീരാവിയായി മാറുന്നു. ശരീരത്തിൽ നിന്നും വരുന്ന ചൂട് ഇതിനായിട്ട് ഉപയോഗിക്കുന്നതു കൊണ്ട് ശരീരം തണുക്കുന്നു. വ്യായാമത്തിന് ശേഷവും, ആഹാരം കഴിച്ചതിന് ശേഷവും സ്വാഭാവികമായി തന്നെ ശരീരത്തിനുള്ളിലെ താപനില വർദ്ധിക്കുന്നു. ഈ വർദ്ധനവ് ക്രമീകരിക്കാനായ് കൂടുതൽ വിയർപ്പ് ഉൽപാദിപ്പിക്കപ്പെടുകയും കാറ്റടിച്ച് വിയർപ്പ് നീരാവിയാകുന്നതനുസരിച്ച് ശരീരത്തിന്റെ താപനില സാധാരണ നിലയിലേക്ക് വരുകയും ചെയ്യുന്നു.

അന്തരീക്ഷ താപനിലയും മനുഷ്യശരീരവും  

ആശ്വാസകരമായ അന്തരീക്ഷ താപനില എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത് 27 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ചുറ്റപാടുമുള്ള താപനില ഉയരുന്നതനുസരിച്ച് 37 ഡിഗ്രി എന്ന ശരീരതാപനില ക്രമീകരിക്കാൻ ശരീരത്തിനുള്ളിൽ തന്നെ ചില ക്രമീകരണങ്ങൾ സംഭവിക്കുന്നു. രക്തചംക്രമണം കൂടുതലായി തൊലിയുടെ ഭാഗത്തേക്ക് (Peripheral circulation) വരുന്നു. വിയർപ്പുഗ്രന്ഥികൾ സ്ഥിതിചെയ്യുന്നത് തൊലിയിലാണ്. എകദേശം 30 ലക്ഷത്തോളം വിയർപ്പുഗ്രന്ഥികളാണ് ഒരു ശരാശരി വ്യക്തിയിലുള്ളത്. ഇവയിലൂടെ ജലബാഷ്പീകരണം സംഭവിക്കുന്നതു കൊണ്ട് ശരീരത്തിനുള്ളിലെ താപനില ക്രമീകരിക്കപ്പെടുന്നു.

വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശവും ധാതുലവണങ്ങളും  ക്രമീകരിക്കാൻ എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത്?

കഠിനമായ് വ്യായാമം ചെയ്യുന്ന സമയത്തും അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിലും ശരാശരി 1.5 ലിറ്ററോളം ജലം ഒരു മണിക്കൂറിൽ വിയർപ്പിലൂടെ നഷ്ടപ്പെടുന്നു!  ഇതോടൊപ്പം തന്നെ ശരീരത്തിന്റെ പ്രവർത്തനിനാവശ്യമായ സോഡിയം, പൊട്ടാസ്യം, കാൽസിയം, മഗ്നീസിയം തുടങ്ങിയ ധാതുലവണങ്ങളും നഷ്ടപ്പെടുന്നു.

വേനൽക്കാലത്തും കഠിനവ്യായാമം ചെയ്യുന്ന സാഹചര്യത്തിലും ഒരു വ്യക്തി ഏകദ്ദേശം 15 മുതൽ 18 ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടതാണ്. ധാതുലവണങ്ങളുടെ അളവ് നിലനിറുത്തുവാൻ സംഭാരം അത്യുത്തമമാണ്. ഇഞ്ചിയും, കറിവേപ്പിലയും, അൽപം ഉപ്പും ചേർത്ത സംഭാരം ഒരു നേരമെങ്കിലും കുടിക്കുന്നത് ദാഹം ശമിപ്പിക്കാനും ക്ഷീണം മാറ്റാനും സഹായിക്കുമെന്ന കാര്യം അറിയാത്തവരുണ്ടാവില്ല. പക്ഷേ ശീതികരിച്ച നിറമുള്ള കോളകളുടെ ആകർഷണ വലയത്തിൽ മതിമറന്ന നമ്മുടെ തലമുറ സംഭാരം സേവിക്കുന്നത് പഴഞ്ചൻ രീതിയെന്നു പറഞ്ഞു ദോഷകരമായ കെമിക്കൽ വെള്ളത്തെ മൊത്തിക്കുടിക്കുന്നു.

കരിക്കിൻ വെള്ളം ഇടയ്ക്ക് കുടിക്കുന്നത് വളരെ നല്ലതാണ്. പൊട്ടാസ്യം,  കാൽസ്യം, മെഗ്നീസ്യം തുടങ്ങിയ ധാതുലവണങ്ങളടങ്ങിയ ഉത്തമ പാനീയമാണ് കരിക്കിൻ വെള്ളം.

വെജിറ്റബിൾ സാലഡുകളായ തക്കാളി, കുക്കുംബർ, കാരട്ട് തുടങ്ങിയവും ആഹാരത്തിലുൾപ്പെടുത്താൻ ശ്രദ്ധിക്കുക. 

അതുപൊലെ തന്നെ ഫ്രഷ് ആയിട്ടുള്ള പഴച്ചാറുകളെല്ലാം തന്നെ വളരെ നല്ലതാണ്. നാരങ്ങ, പൈനാപ്പിൾ, മുസമ്പി, ഓറഞ്ച്, മുന്തിരി, പാഷൻഫ്രൂട്ട്, തണ്ണിമത്തൻ എന്നിവയെല്ലാം തന്നെ ജ്യൂസായും അല്ലാതെയും ഇടവിട്ട് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

പാക്കറ്റുകളിൽ വരുന്ന പൊടികളിൽ മിക്കവാറും സിറ്റ്ട്രിക് ആസിഡും, കളറുകളും, പഞ്ചസാരയും മാത്രമേ ഉണ്ടാവാറുള്ളൂ. ഇതിന്റെ നിറത്തിലും രുചിയിലും ആകൃഷ്ടരായ കുട്ടികളെ ഒറിജിനലായ പഴച്ചാറുകളെ ഇഷ്ടപ്പെടുത്തുകയെന്നത് ശ്രമകരമാണ്. അതുകൊണ്ട് ആദ്യം മുതൽതന്നെ ഫ്രഷ് ആയിട്ടുള്ള ജ്യൂസുകൾ കുടിപ്പിച്ച് ഇവരെ പഠിപ്പിക്കേണ്ടതാണ്.

ഒഴിവാക്കേണ്ട കാര്യങ്ങൾ

വറുത്തതും പൊരിച്ചതുമായ സാധനങ്ങൾ വേനൽക്കാലത്ത് അമിതമായി ഉപയോഗിച്ചാൽ ഇവയുടെ ദഹനപ്രക്രിയക്ക് ശരീരത്തിൽ നിന്നും ജലാംശം ഉപയോഗിക്കുന്നതുകൊണ്ട് ഇവയുടെ ഉപയോഗം കുറയ്ക്കുകയോ അല്ലെങ്കിൽ കൂടുതൽ വെള്ളം ഇവയോടൊപ്പം കുടിക്കാൻ ശ്രദ്ധിക്കുകയോ ചെയ്യണം.

എരിവും, മസാലകളും കുറയ്ക്കുന്നത് നല്ലതാണ്. കാരണം ഇവ ശരിരത്തിന്റെ താപനില വർദ്ധിക്കുവാനിടയാക്കുന്നു.

വിയർപ്പ് ആവിയായി പോകാൻ സഹായിക്കുന്ന കോട്ടൺ, ലിനൻ പോലുള്ള വസ്ത്രങ്ങളുപയോഗിക്കാൻ ശ്രദ്ധിക്കുക. നൈലോൺ, പോളിസ്റ്റർ അടങ്ങിയ വസ്ത്രങ്ങളുടെ ഉപയോഗം കുറയ്ക്കുക.

ശീതികരിച്ച മുറികളിൽ സമയം ചിലവഴിച്ചാലും ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

നേരിട്ട് വെയിലുകൊള്ളുന്ന സാഹചര്യങ്ങൾ കുറയ്ക്കാൻ ശ്രദ്ധിക്കുക. ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ വെയിലിനെ പ്രതിരോധിക്കുവാൻ മുൻകുട്ടിതന്നെ ആവശ്യത്തിന് വെള്ളംകുടിക്കുകയും, പിന്നീട് കുടിയ്ക്കുവാനുള്ള വെളളം കരുതുകയും ചെയ്യുക.

ചൂടിനെതിരെയുള്ള മുറുമുറുപ്പ് ഒഴിവാക്കി വേനലിനെ ആഘോഷത്തോടെ വരവേൽക്കാൻ നമുക്ക് തയ്യാറെടുക്കാം.   

 ഡോ. അഞ്ജു ഫെലിക്സ്

ചീഫ് മെഡിക്കൽ ഓഫിസർ

മദർതെരേസ ഹോമിയോപ്പതി സ്പെഷ്യാലിറ്റി ക്ലിനിക്, കുറുപ്പന്തറ.