Mother Theresa Homeopathy Specialty Clinic and Laboratory

ഹോമിയോപ്പതി വൈദ്യശാസ്ത്രം – സവിശേഷതകള്‍

ഹോമിയോപ്പതി വൈദ്യശാസ്ത്രം – സവിശേഷതകള്‍

200 വര്‍ഷങ്ങള്‍ക്കു മുമ്പ് ജര്‍മ്മന്‍ ഭിഷഗ്വരനായ ഡോ. ക്രിസ്റ്റ്യന്‍ ഫ്രഡറിക് സാമുവല്‍ ഹാനിമാന്‍ കണ്ടെത്തിയ പ്രകൃതിധര്‍മ്മപ്രകാരമുള്ള ഒരു ചികിത്സ ശാസ്ത്രമാണ് ഹോമിയോപ്പതി. ഹോമിയോപ്പതി ഔഷധങ്ങളെല്ലാം തന്നെ പ്രകൃതിയിലെ അവയുടെ സ്വഭാവികമായ സ്രോതസ്സുകളില്‍ നിന്നു ഉല്പാദിക്കപ്പെടുന്നവയാണ്. ഉദാഹരണത്തിന് നക്സ്വോമിക്ക എന്ന ഔഷധം കാഞ്ഞിരമരത്തില്‍ നിന്നും, എപ്പിസ് മെലിഫിക്ക തേനീച്ചയില്‍ നിന്നും, നേട്രംമൂര്‍ ഉപ്പില്‍ നിന്നും, ഓറം മെറ്റാലിക്കം സ്വര്‍ണ്ണത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത്തരത്തിലുള്ള 4000-ത്തില്‍പരം ഔഷധങ്ങള്‍ ഹോമിയോപ്പതി വൈദ്യശാസ്ത്ര ശാഖയില്‍ ഇപ്പോള്‍ നിലവിലുണ്ട്.

പ്രകൃത്യനുസരണമായ ഈ ഔഷധങ്ങളുടെ നിര്‍മ്മാണപ്രക്രിയയില്‍​അവയുടെ അതി സൂക്ഷമ ശക്തി വര്‍ദ്ധിക്കുകയും ഭൗതിക ശക്തി കുറയുകയും ചെയ്യുന്നു. ഭൗതിക ശക്തി കുറവായതിനാലാണ് തുടര്‍ച്ചയായ ഉപയോഗം മൂലവും യാതൊരു പാര്‍ശ്വഫലങ്ങളും ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കാത്തത്. അതുകൊണ്ട് തന്നെ ഹോമിയോപ്പതി ചികിത്സ പാര്‍ശ്വഫലരഹിതമെന്നറിയപ്പെടുന്നു.

ഹോമിയോപ്പതിയോടുള്ള രോഗികളുടെ സമീപനം മനസ്സിലാക്കാന്‍ വേണ്ടി എ സി നില്‍സണും, ബാംഗ്ളൂരിലെ ഡോ. മുകേഷ് ബത്രാസ് പോസിറ്റീവ് ഹെല്‍ത് ക്ലിനിക്കും ചേര്‍ന്നു നടത്തിയ ഒരു വര്‍ഷം നീണ്ട സര്‍ വ്വേയില്‍ കണ്ടെത്തിയത് – ഹോമിയോപ്പതിയുടെ ഗുണഭോകാതാക്കളില്‍ 82% പേര്‍ക്കും ഈ വൈദ്യശാസ്ത്രത്തിന്‍റെ ഫലപ്രാപ്തിയില്‍ പൂര്‍ണ്ണ വിശ്വാസമാണ് എന്നാണ് .

രോഗപ്രതിരോധ ശേഷി തകരാറിലാകുമ്പോള്‍ ഒരു വ്യക്തി രോഗത്തിന് അടിപ്പെടുന്നു. ഹോമിയോപ്പതി ചികിത്സയില്‍ ഔഷധങ്ങള്‍ മുഖേന തകരാറിലായ പ്രതിരോധശക്തിയെ ക്രമത്തിലാക്കി സ്വഭാവികമായ രീതിയില്‍ ആരോഗ്യം പുനസ്ഥാപിക്കപ്പെടുന്നു. രോഗപ്രതിരോധശേഷി ഉത്തേജിപ്പിക്കപ്പെടുന്നതു കൊണ്ട് കാലാകാലത്തോളം ഔഷധങ്ങളെ ആശ്രയിക്കേണ്ട ദുര്‍ഗതിയില്‍ നിന്നും രോഗികള്‍ വിമുക്തരാകുന്നു.

വൈദ്യശാസ്ത്രശാഖയായ സൈക്കോ-ന്യൂറോ- ഇമ്മ്യുണോ- എന്‍ ടോക്രൈനോളജി (psycho neuro immuno endocrinology – PNEI) പ്രകാരം 90% രോഗങ്ങള്‍ക്കും നിദാനം തകരാറിലായ രോഗപ്രതിരോധ ശേഷിയാണ് എന്ന് ഏറ്റവും പുതിയ പഠനങ്ങള്‍​ സൂചിപ്പിക്കുന്നു. മനുഷ്യമനസ്സും, ശരീരത്തിലെ മറ്റ് എല്ലാ അവയവങ്ങളും തമ്മില്‍​ നിരന്തരസംസര്‍ഗ്ഗത്തിലാണ്. നിഷേധാത്മക വികാരങ്ങളായ (negative emotions) ആകുലത, നിരാശ, ദുഖം, വിരോധം, ഭയം, എന്നിവ അതിരുകവിയുമ്പോള്‍ ശരീരം രോഗാതുരമാകുന്നു. നമ്മുടെ കാലഘട്ടത്തിന്‍റെ പ്രത്യേകത പലവിധ കാരണങ്ങളാല്‍ മിക്കവരും നിരന്തരമായ ടെന്‍ഷനിലാണ്. അതുകൊണ്ടു തന്നെ രോഗങ്ങളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നു. വിവിധ തരം അലര്‍ജി രോഗങ്ങള്‍, വേദനകള്‍, ശ്വാസകോശ രോഗങ്ങള്‍, ഉദരസംബന്ധമായ അസുഖങ്ങള്‍, ത്വക് രോഗങ്ങള്‍, പ്രമേഹം, രക്താതിമര്‍ദ്ദം, തൈറോയ്ഡ് രോഗങ്ങള്‍ എന്നീവയെല്ലാം തന്നെ മേല്‍പ്പറഞ്ഞഗണത്തില്‍ പെടുത്താവുന്നവയാണ്.

ഇത്തരത്തിലുള്ള എല്ലാ രോഗങ്ങളെയും അതിന്‍റെ പൂര്‍ണ്ണതയില്‍ ഉള്‍ ക്കൊള്ളുകയും മനസ്സിലാക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതാണ് ഹോമിയോപ്പതിവൈദ്യശാസ്ത്രത്തിന്‍റെ പ്രത്യേകത. രോഗത്തേക്കാളുപരിയായി, രോഗം ബാധിച്ച വ്യക്തികളുടെ എല്ലാ സവിശേഷതകളും സമഗ്രമായവിശകലന പഠനത്തിന് വിധേയമാക്കിയതിനു ശേഷമാണ് ഔഷധങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ഈ സൈബര്‍യുഗത്തില്‍ നിരവധി ഹോമിയോപ്പതി കമ്പ്യുട്ടര്‍ സോഫ്റ്റ് വേറുകള്‍ രോഗനിവാരണം സത്വരമാക്കുവാനുപകരിക്കുന്നു.

വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം പ്രകൃതി നിയമ പ്രകാരമുള്ള ഹോമിയോ ഔഷധങ്ങളാണ്. കുട്ടികളില്‍​കണ്ടുവരാറുള്ള വിട്ടുമാറാത്ത, കഫകെട്ട്, തുമ്മല്‍, അലര്‍ജി, ആസ്ത്മ, വിശപ്പില്ലായ്മ, പഠനത്തില്‍ താല്‍പ്പര്യക്കുറവ്, സ്വഭാവ വൈകല്യങ്ങള്‍ എന്നിവയ്ക്കെല്ലാം തന്നെ ദോഷഫലങ്ങളൊന്നും തന്നെയില്ലാത്ത വളരെ ഫലപ്രദമായ ചികിത്സയുണ്ടെന്നുളളത് ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്‍റെ സവിശേഷതയാണ്.

രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗം മൂലം വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പരിസ്ത്ഥിയെ ജൈവളങ്ങളും പ്രകൃതിജന്യമായ കീടനാശിനികളുംമുപയോഗിച്ച് പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുപോലെ തന്നെ നുറു ശതമാനം പ്രകൃതിനിയങ്ങള്‍ക്കനുയോജ്യമായി മാത്രം പ്രവര്‍ത്തിക്കുകയും താരതമ്യേന ചിലവുകുറഞ്ഞതുമായ ഹോമിയോപ്പതി പോലുള്ള ചികിത്സാവിധികള്‍ ഒരു വ്യക്തിയുടെ തകരാറിലായ രോഗപ്രതിരോധശേഷിയെ ക്രമപ്പെടുത്തിയും ഉത്തേജിപ്പിച്ചും രോഗത്തെ ഉന്‍മൂലനം ചെയ്ത് മാനവരാശിക്കനുഗ്രഹമായി എന്നും നിലകൊള്ളുന്നു.

ഡോ. അഞ്ജു ഫെലിക്സ്
Chief Medical Officer

Mother Theresa Homeopathic Clinic & Laboratory